സ്പിരിറ്റ്

| Posted in | Posted on

0



മലയാള സിനിമയുടെ സ്പിരിറ്റായി മാറിയേക്കാവുന്ന സിനിമ, ഇന്നത്തെ യുവജനങ്ങള്‍ക്ക് മറ്റൊരു സ്പിരിറ്റാവാന്‍ സാധ്യതയുള്ള സിനിമ, സിനിമാ പ്രേക്ഷകര്‍ക്ക് സിനിമകാണാനുള്ള പുതിയ സ്പിരിറ്റ് പകരുന്ന സിനിമ... അങ്ങിനെ എന്തൊക്കെ വിശേഷണങ്ങളും പ്രതീക്ഷകളുമാണ് ഏറ്റവും പുതിയ രഞ്ജിത്-മോഹന്‍ലാല്‍ സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ നിര്‍വ്വചനങ്ങള്‍! എന്നിട്ടെന്തായി, ''രണ്ടെണ്ണം വിട്ട് നമുക്ക് ആ വൃത്തികെട്ടവനെ രണ്ട് തെറി വിളിക്കണം'' എന്നു പറഞ്ഞാണ് മിക്കവരും തീയറ്റര്‍ വിടുന്നത്.


മലയാള സിനിമ മാറ്റത്തിന്‍റെ വഴിക്കാണ് എന്നത് ശരി തന്നെ. എന്നു കരുതി മലയാള സിനിമയില്‍ ''തോന്ന്യവാസം'' പാടില്ല. അത് പ്രേക്ഷകനോട് കാണിക്കുന്ന ചെറ്റത്തരമായി തോന്നിയേക്കാം. ഇരുപത്തിനാലുമണിക്കൂറും മുഴുക്കുടിയനായ രഘുനന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചിത്രത്തിന്‍റെ 90 ശതമാനം സീനുകളിലും വെള്ളമടിക്കുന്നു. വെള്ളമടിക്കാര്‍ക്ക്, ഒരുപക്ഷേ, കണ്ട് രണ്ടെണ്ണം വീശാനുള്ള പ്രേരണ ലഭിച്ചേക്കും. എന്നാല്‍ പാവം സാധാരണക്കാരോ? അവരെല്ലാം ശശിയായില്ലേ? എന്നാല്‍ സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന്‍റെ അസാമാന്യ അഭിനയപാടവമൊന്നും കാണാനില്ല. എങ്കിലും, കുഴപ്പമില്ലാതെ ആശാന്‍ ചെയ്തതിനാല്‍ കുറച്ചുനേരം കണ്ടിരിക്കാം. 


രണ്ടാം പകുതി കഴിയുന്നതോടെ, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തടക്കം എല്ലാവരും നന്നായിട്ടൊന്ന് മിനുങ്ങിയ ലക്ഷണമുണ്ട്. മൊത്തത്തില്‍ ചിത്രം തന്നെ രണ്ട് പെഗ്ഗ് വിട്ട ലക്ഷണം.... നാവുകുഴയുന്നു.... സോറി.. സീനു കുഴയുന്നു... കഥ എന്ത് എങ്ങിനെ കൊണ്ടുപോണം എന്നറിയുന്നില്ല.... എന്തൊക്കയോ ചെയ്തു കൂട്ടുന്നു.... ഏറ്റവും ചിരിവരുന്ന കാര്യം, മുഴുക്കുടിയനായ രഘുനന്ദന്‍, തന്റെ കൂട്ടുകാരന്‍ മരിക്കുന്നതോടെ സ്വിച്ചിട്ടതുപോലെ കുടി നിര്‍ത്തുന്നു. സാമാന്യം കുറച്ചു മാത്രം (നിയന്ത്രിതമായി) മാത്രം കള്ള് കുടിക്കുന്ന വ്യക്തികള്‍ക്ക് അത് സാധ്യമായെന്നു വരും. എന്നാല്‍ 24 മണിക്കൂറും മുഴുക്കുടിയനായ ഒരു വ്യക്തിക്ക് നല്ല ചികിത്സയും കെയറും കിട്ടിയാല്‍ മാത്രമെ കുടി നിര്‍ത്തുവാനൊക്കുകയുള്ളൂ, അതും മാസങ്ങള്‍കൊണ്ട്. ഇത് സുപ്രഭാതത്തില്‍ അങ്ങേര് കുപ്പികളെടുത്ത് വാഷ്‌ബെയ്‌സിനില്‍ ഒഴിച്ചു കളയുന്നു....കഷ്ടം.


ആന്റണി പെരുമ്പാവൂര് രണ്ടെണ്ണം വിട്ടായിരിക്കും ചിലപ്പോ ഇതിന്‍റെ കഥകേട്ടത് എന്ന് തോന്നുന്നു. എന്തായാലും ചിത്രത്തില്‍ തന്‍റെ കൂട്ടുകാര്‍ എല്ലാവരും രഞ്ജിത്തിനൊപ്പമുണ്ട്. ഛായാഗ്രാഹകനായി വേണു.ഐ.എസ്.സി പ്രവര്‍ത്തിച്ചു. എന്തായാലും അങ്ങേര് രണ്ടണ്ണം വിട്ടുകാണില്ല. കാരണം ഫ്രെയിമുകള്‍ കുഴപ്പമില്ല. പിന്നെ, സമീപകാലത്തെ മലയാള സിനിമയുടെ ആത്മാവായിക്കൊണ്ടിരിക്കുന്ന 'ലെന' പതിവുപോലെ പുതിയ പെര്‍ഫോമന്‍സുമായി എത്തി. തടിച്ച് വീര്‍ത്ത്, ഇടിഞ്ഞുതൂങ്ങിയ അഭിനയവും ശരീരവുമായി കനിഹ താരരാജാവിനോട് നായിക സ്വഭാവത്തില്‍ നിലകൊള്ളുന്നു.


എന്‍റെ ശങ്കര്‍ രാമകൃഷ്ണാ.... തനിക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ചുപോവുന്ന രീതിയിലുള്ളതായിരുന്നു പെര്‍ഫോമന്‍സ്. എങ്കിലും നവാഗതന്‍ എന്ന രീതിയില്‍ സാമാന്യം നന്നായി ശങ്കര്‍ തന്‍റെ ക്യാരറക്ടര്‍ ചെയ്തു തീര്‍ത്തു. എന്തായാലും പ്രേക്ഷകന് സിനിമയെപ്പറ്റി പറയാന്‍ യാതൊരു സ്പിരിറ്റുമില്ല എന്നതാണ് വാസ്തവം.

Comments (0)

Post a Comment