ഓര്‍ഡിനറി

| Posted in | Posted on

1



കമലിന്‍റെ അസോസിയേറ്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സുഗീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍ഡിനറി. പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ വളരെ നന്നായി ചെയ്ത ഒരു ചിത്രമാണ് ഓര്‍ഡിനറി.


സാധാരണ മലയാളികളുടെ മനസ്സറിഞ്ഞുകൊണ്ട് വലിയ തട്ടലും മുട്ടലുകളൊന്നുമില്ലാതെ മലയാളിത്തമുള്ള ഒരു സിനിമയാണ് ഓര്‍ഡിനറി. മലയാളികളായ പ്രേക്ഷകര്‍ക്ക് സാധാരണ കെ.എസ്.ആര്‍.ടി.സി ബസ്സുമായി ഉണ്ടായേക്കാവുള്ള സാധാരണ സംഭവങ്ങളെ കോര്‍ത്തിണക്കി ചെയ്ത ചിത്രം ആദ്യപകുതി സംഭവബഹുലമായി, അത്യാവശ്യം തമാശകളുമായി കടന്നുപോയി. എന്നാല്‍ രണ്ടാം പകുതി മെലോഡ്രാമയുടെ അതിപ്രസരവും, സാധാരണ കഥയുമായി തീര്‍ന്നു. കഥാ തന്തുവിലെങ്കിലും പുതിയ എന്തെങ്കിലും സുഗീതിന് അന്വേഷിച്ചു കൊണ്ടുവരാമായിരുന്നു.




എങ്കിലും, പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രമാണ് ഓര്‍ഡിനറി. കുഞ്ചാക്കോ തനിക്ക് നാടന്‍ കഥാപാത്രങ്ങള്‍ വേണമെങ്കില്‍ ഇണങ്ങും എന്ന് ഒന്നുകൂടെ തെളിയിച്ചു. എങ്കിലും കഥാപാത്രവുമായി തന്മയത്വം വരുത്തുന്നതില്‍ കുഞ്ചാക്കോ ബോബന്‍ പരാജയപ്പെട്ടു. ചാക്കോച്ചന്‍റെ സമീപ കാലങ്ങളില്‍ വന്ന ചിത്രങ്ങളില്‍ കുറച്ചു ഭേദപ്പെട്ട ചിത്രമായി ഇതിനെ വിശേഷിപ്പിക്കാം. എല്‍സമ്മയ്ക്ക് ശേഷം കുറച്ചു തനിമയുള്ള കഥാപാത്രമായിരുന്നു ചാക്കോച്ചന്‍റെത്.








ചിത്രത്തില്‍ മറ്റൊരു തുല്യ കഥാപാത്രം ബിജുമേനോന്‍ ചെയ്തു. പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കൂട്ടിയ ഒരു കഥാപാത്രമാണിത്. തനി പാലക്കാടന്‍ ഭാഷ പറയുന്ന ഒരു തനിപച്ച ഡ്രൈവര്‍ കഥാപാത്രമാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചിട്ടുമുണ്ട്.






ആന്‍ അഗസ്റ്റിന്‍, ശ്രിത, വൈഗ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്തത്. എന്നാല്‍ ഇതില്‍ അനാവശ്യമായ ഒരു കഥാപാത്രം ആസഫ് അലി ചെയ്യുന്നു. തികച്ചും അപ്രധാന കഥാപാത്രമായി ഇതിനെ തോന്നി. പലപ്പോഴും മനപ്പൂര്‍വ്വം ഏച്ചുകൂട്ടിയ കഥാപാത്രമായി ഇത് ചിത്രത്തിലുടനീളം എറിച്ചു നിന്നു. ഫൈസല്‍ അലി മനോഹരമായി ഗവിയുടെ ഭംഗി തന്‍റെ ക്യാമറയില്‍ കോരിയെടുത്തിരിക്കുന്നു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ നിഷാദ്.കെ.കോയ, മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ കഥാതിരക്കഥയില്‍ സംഗീതം വിദ്യാസാഗറിന്‍റെതാണ്. സാമാന്യം ഭേദപ്പെട്ട രണ്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

Comments (1)

നല്ല വാര്‍ത്ത!

Post a Comment