ഈ അടുത്ത കാലത്ത്

| Posted in | Posted on

0




അടുത്ത കാലത്ത് മലയാളത്തില്‍ വന്ന സിനിമകളില്‍ മികച്ചു നില്‍ക്കുന്ന ഒരു ചിത്രം. മലയാളം ബോക്‌സ് ഓഫീസിന്‍റെ പ്രവചനത്തില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആവാനുള്ള 2012 ലെ സിനിമയാണ് '' ഈ അടുത്ത കാലത്ത്''




മലയാളികളുടെ മനസ്സറിഞ്ഞ മികച്ച എഡിറ്ററാണ് അരുണ്‍കുമാര്‍. കാഞ്ചീവരത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അരുണ്‍കുമാര്‍ കോക്ക്‌ടെയില്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പുതിയൊരു ടേസ്റ്റ് സമ്മാനിച്ച പ്രതിഭയുള്ള സംവിധായകനാണ്. ഇപ്പോഴിതാ മറ്റൊരു പൂച്ചെണ്ടുകൂടി മലയാളസിനിമയ്ക്ക് 2012 വര്‍ഷത്തില്‍ സമ്മാനിച്ചിരിക്കുന്നു '' ഈ അടുത്ത കാലത്ത്''


രാജു മല്ല്യത്തിന്‍റെ രാഗം മൂവീസിന്‍റെ ബാനറില്‍ അന്തരിച്ച മഹാനടന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും നിര്‍വ്വഹിച്ച്, അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമാ പ്രേക്ഷകരെ പിടിച്ചു കുലുക്കുമെന്നതിന് ഒരു സംശയവും വേണ്ട.




ഗോപി സുന്ദറിന്‍റെ അതിമനോഹരമായ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്‍റെ പ്രധാന സവിശേഷത. അതോടൊപ്പം കയ്യടക്കത്തോടെയുള്ള തിരക്കഥയും, അതിനേക്കാള്‍ ഉപരി ചിത്രത്തിന്‍റെ മെയ്ക്കിങ് രീതിയും മികച്ചു നില്‍ക്കുന്നു. കഴിവുള്ള ഒരു സംവിധായകനാണെന്ന് അരുണ്‍കുമാര്‍ തെളിയിച്ചൊരു ചിത്രമാണ് 'ഈ അടുത്ത കാലത്ത്'. താരങ്ങളെ കുത്തി നിറയ്ക്കാത്ത പടമായതിനാല്‍  മലയാളി പ്രേക്ഷകരുടെ ഇടിച്ചുകയറ്റം കുറവാണ്. എങ്കിലും തിരുവനന്തപുരത്തും, കൊച്ചിയിലും ആദ്യദിനം തന്നെ നല്ല റിപ്പോര്‍ട്ടാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ തിരക്കു കൂടി വരുന്നു. എങ്കിലും സമീപദിവസങ്ങളില്‍ ചിത്രം വന്‍ഹിറ്റിലേക്ക് കുതിക്കുമെന്നത് പരമാര്‍ഥം തന്നെ.


തിരക്കഥ മാത്രം എടുത്തു നോക്കിയാല്‍, ഒരുപക്ഷേ, ഈ തിരക്കഥ ആരെങ്കിലും സിനിമ കാണുന്നതിന് മുന്‍പ് വായിച്ചു നോക്കിയാല്‍ ചിലപ്പോള്‍ ഇഷ്ടപ്പെട്ടില്ലെന്നു വരും. പക്ഷേ, ചിത്രം മെയ്ക്ക് ചെയ്തു വന്നപ്പോള്‍ മനോഹരമായി, വൃത്തിയായി ചെയ്തു എന്നു പറയാം. ഈ ചിത്രത്തില്‍ അനാവശ്യമായ കോമഡിയോ, അനാവശ്യമായ സെക്‌സോ, പ്രണയമോ ഒന്നുമില്ല. പച്ചയായ കുറെ ജീവിതത്തിന്‍റെ ഏടുകള്‍ കൃത്യമായി തുന്നിച്ചേര്‍ത്തൊരു കഥ. ട്രാഫിക്കിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് ഇതാ മലയാളികള്‍ക്ക് മറ്റൊരു ഹിറ്റ് ചിത്രം കൂടെ....ഈ അടുത്ത കാലത്ത്....


ഇന്ദ്രജിത്തിന്‍റെയും, മാണിക്യം മൈഥിലിയുടെയും പ്രകടനം എടുത്തു പറയേണ്ടുന്നതാണ്. അതോടൊപ്പം മുരളി ഗോപിയുടെ മിന്നുന്ന പ്രകടനവും. കൂട്ടത്തില്‍ ലെന കസറി എന്നതും വലിയൊരു നഗ്ന സത്യം. തീര്‍ച്ചയായും ഈ കൂട്ടായ്മ മലയാളത്തിന് മികച്ചൊരു സിനിമ സമ്മാനിച്ചു.



ഫാദേഴ്‌സ് ഡേ

| Posted in | Posted on

0




മലയാളത്തിലെ അറിയപ്പെടുന്ന നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന കലവൂര്‍ രവികുമാര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫാദേഴ്‌സ് ഡേ. തിരക്കഥയുടെ ടെക്‌നിക്കല്‍ ചേരുവകള്‍ നന്നായി പ്രയോഗിക്കാന്‍ അറിയാവുന്ന, നിരവധി തിരക്കഥാ ക്യാമ്പുകളിലും ചലച്ചിത്രോത്സവ വേദികളിലും തിരക്കഥയുടെ 'ഗുട്ടന്‍സ്' വരും തലമുറയ്ക്ക് ബ്ലാക്ക് ബോര്‍ഡുകളില്‍ വരച്ച് തിയറി വിശദീകരിക്കുന്ന വ്യക്തിത്വമാണ് കലവൂര്‍ രവികുമാര്‍. അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് ? ഇതാണോ മികച്ച മലയാള സിനിമയുടെ തിരക്കഥ ?




കഥയുടെ ആദ്യഭാഗങ്ങളില്‍ രേവതിയും അവളോടൊപ്പം നില്‍ക്കുന്ന ഒരു പെണ്‍കുട്ടി, നായികയാണെന്ന് വേണമെങ്കില്‍ പറയാം. ഇവര്‍ രണ്ടുപേരും കൂടെ വരുന്ന പല ഭാഗങ്ങളിലും സീരിയലിനെക്കാള്‍ നിലവാരത്തകര്‍ച്ച ഉണ്ടായിരുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ. രേവതിയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന ലാല്‍ ചെയ്യുന്ന തൊമ്മന്‍ എന്ന കഥാപാത്രം തുടക്കത്തില്‍ ഒരു രണ്ടുമൂന്നു സീനുകളില്‍ പ്രത്യക്ഷപ്പെട്ട്, പിന്നെ ഇടയ്ക്ക് ഒരു മിന്നാട്ടം കണ്ട്, സിനിമയുടെ ഒടുക്കം പാടെ തിരസ്‌കരിക്കപ്പെടുന്ന കഥാപാത്രം. പിന്നീട് ആ കഥാപാത്രത്തിന്റെ വളര്‍ച്ചയെയോ, മറ്റെന്തെങ്കിലും പര്യവസാനമോ ചിത്രത്തിനൊടുക്കം സംവിധായകന്‍ പറയുന്നില്ല. 




പുതുമുഖനടനായ ചെറുപ്പക്കാരന്‍ അനാവശ്യമായി പിന്തുടരുമ്പോള്‍ തന്നെ പ്രേക്ഷകന് അറിയാം അത് രേവതിയുടെ അവിഹിതത്തിലെ മകനായിരിക്കും. പിന്നീട് അവള്‍ നാലുപേരാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടവളാണെന്നുകൂടി അറിഞ്ഞു കഴിയുന്നതോടെ ചിത്രത്തിന്റെ കഥ ഏതാണ്ട് പൂര്‍ണ്ണമായി. ജീവിച്ചിരിക്കുന്ന അച്ഛന്മാരെ അവന്‍ വ്യാജനായി കണ്ടെത്തുകയും അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.




ചടുലമായ അവതരണ രീതിയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ചിത്രം പ്രേക്ഷകര്‍ കുറച്ചൂകൂടെ മനസ്സിരുത്തി കണ്ടേനെ. പക്ഷേ, ഇവിടെ പൂര്‍ണ്ണമായി ഒരു മാനസികാവസ്ഥയിലേക്കും വ്യവഹാരം നടത്താതെ നിഷ്പക്ഷമായി നില്‍ക്കുകയും എന്നാല്‍ മനോസുഖത്തിനുള്ള യാതൊന്നും നല്‍കാതെയും വരുമ്പോഴാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ പാടെ തകര്‍ന്നു പോവുന്നത്.




നവാഗതപ്രതിഭ എന്ന നിലയില്‍ ചെറുപ്പക്കാരനായ ഷാഹിന്‍ നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന് വേണമെങ്കില്‍ പറയാം. പുതുമുഖ നടനെന്ന നിലയില്‍ സാമാന്യം ഭേദപ്പെട്ട് ചെയ്തുവെന്ന് പറയാം. പക്ഷേ, അതൊരിക്കലും 'സെക്കന്റ് ഷോ'യിലെ കുരുടി എന്ന കഥാപാത്രം അവതരിപ്പിച്ച സണ്ണിയോളം വരില്ലെന്ന് എടുത്തു പറയാം. എങ്കിലും ഭാവിയിലെ നല്ലൊരു നടനായി ഷാഹിന്‍ മാറിയേക്കാം. പക്ഷേ, നായികാ പദവി അലങ്കരിച്ച ഇന്ദു തമ്പിയെ സഹിക്കില്ല. ഒരു തരത്തിലും. എങ്കിലും, പ്രേക്ഷകന് മനസ്സിലാകാത്തത് ഒരൊറ്റ സീനിനുവേണ്ടി എന്തിനാണ് റസൂല്‍ പൂക്കൂട്ടിയെ ബുദ്ധിമുട്ടിച്ചത് എന്നതാണ്. ആര്‍ക്കറിയാം ?




ചിത്രത്തിലെ സംഗീതം സാമാന്യം കൊള്ളാം എന്നതല്ലാതെ ഹിറ്റ് എന്നു പറയാനൊന്നുമില്ല. അല്ലെങ്കിലും സമീപകാലങ്ങളില്‍ മലയാള സിനിമയില്‍ നല്ലൊരു ഹിറ്റ് ഗാനം പിറന്നിട്ടില്ലെന്ന് പറയുകയാവും ഭേദം. മലയാളത്തില്‍ മികച്ച തിരക്കഥകള്‍ രചിച്ച പി.ആര്‍. നാഥന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ''എഴുത്താണ് എന്റെ ജോലി..അത് ഞാന്‍ മരിക്കുവോളം തുടരും. അല്ലാതെ മറ്റൊരു ജോലിയ്ക്ക് ഞാന്‍ ശ്രമിക്കില്ല''. അദ്ദേഹം എക്കാലത്തും ഒരു നോവലിസ്റ്റോ, കഥ എഴുത്തുകാരനോ, തിരക്കഥാകൃത്തോ ആയിരിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാവും, ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും പി.ആര്‍. നാഥന്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്.




സംവിധാന കല കുറച്ചു വ്യത്യസ്തമാണ്. എഴുതി സംവിധാനം ചെയ്യുക എന്നത് അപൂര്‍വ്വം പേര്‍ക്ക് മാത്രം സിദ്ധിച്ച കഴിവാണ്. അതില്‍ പത്മരാജനെപ്പോലുള്ള അതുല്യ പ്രതിഭകള്‍ ഉള്‍പെടും. പക്ഷേ, ലോഹിതദാസ് ഉള്‍പ്പെടെ  പലരും തിരക്കഥയില്‍ നിന്നും സംവിധാനത്തിലേക്ക് തിരിഞ്ഞ് പ്രതിഭകള്‍ക്ക് കോട്ടം തട്ടിയവരാണ്. ഈ ലിസ്റ്റില്‍ കുറെപ്പേര്‍ ഉണ്ട്. ലോഹിതദാസ്, കലവൂര്‍ രവികുമാര്‍, ബാബു ജനാര്‍ദ്ദനന്‍...അങ്ങിനെ പോവുന്നു അവരുടെ നീണ്ട നിര. എങ്കിലും നല്ല പരസ്യങ്ങള്‍ ചെയ്തുവെങ്കിലും ഫാദേഴ്സ് ഡേ തികഞ്ഞ പരാജയമായാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്.

ഉന്നം

| Posted in | Posted on

0




ഡേവിഡ് കാച്ചപ്പള്ളിയുടെ കൈകളിലൂടെ ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ മലയാള സിനിമയില്‍ പിറന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രൊഡക്ഷനില്‍ മലയാളത്തിലെ കാരണവന്മാരില്‍ പ്രമുഖനായ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉന്നം. ഹിന്ദിചിത്രത്തിന്‍റെ സ്‌ക്രിപ്റ്റില്‍ കറന്‍സിയുടെ സംവിധായകനായ സ്വാതി ഭാസ്‌കറാണ് ഇതിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 




അജയന്‍ വിന്‍സന്‍റെ ഛായാഗ്രാഹണം വളരെ നന്നായിട്ടുണ്ട്. എടുത്തു പറയത്തക്കതായി ഒന്നുമില്ലെങ്കില്‍ കൂടി സാമാന്യം ഭേദപ്പെട്ട് സബ്ജക്ടിനനുസരിച്ച് ക്യാമറ ചലിപ്പിക്കാന്‍ അദ്ദേഹം ആവത് ശ്രമിച്ചിട്ടുണ്ട്. കുനിയില്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രം എഡിറ്റിങ് നിര്‍വ്വഹിച്ചത് ബിജിത്ത് ബാലയാണ്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ജോണ്‍.പി. വര്‍ക്കി സംഗീതം നല്‍കിയിരിക്കുന്നു. ത്യാഗരാജന്‍റെ  സ്റ്റണ്ടുകള്‍ സാമാന്യം ഭേദപ്പെട്ടു നില്‍ക്കുന്നുവെന്ന് പറയാം.




ചിത്രത്തില്‍ നല്ലൊരു താരനിരയുണ്ട്. ലാല്‍, ആസിഫ് അലി, ബോളിവുഡിലെ മലയാളി വില്ലന്‍ പ്രശാന്ത് നാരായണന്‍, ശ്രീനിവാസന്‍, ശ്വേതമേനോന്‍, കെ.പി.എസി. ലളിത, നെടുമുടി വേണു....റിമ കല്ലിങ്ങല്‍.. വന്‍ താരനിരകള്‍ ഉള്ള ചിത്രമാണ് ഉന്നം. എന്തായാലും സാറ്റലൈറ്റ് റേറ്റിന്‍റെ കാര്യത്തില്‍ വന്‍താര നിരയുള്ളതിനാല്‍ ഡേവിഡ് കാച്ചപ്പള്ളി രക്ഷപ്പെട്ടുകാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ടേബിള്‍ പ്രോഫിറ്റ്' കിട്ടാവുന്ന ഒരു ചിത്രമാണ് ഉന്നം. 




സബ്ജക്ട് അനവധി തവണ അലക്കിയ വിഴുപ്പുതന്നെയാണ്. അതിനെ ഒന്നുകൂടെ നന്നായി അവതരിപ്പിക്കാനുള്ള ശ്രമം നടത്തി എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. എങ്കിലും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒരു ആവറേജ് ചിത്രമെന്ന അഭിപ്രായം പറയാന്‍ ശ്രമിക്കുന്നുണ്ട്. 




ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. എങ്കിലും ഒരു കുട്ടിത്തം വിടാത്തതുപോലെ നമുക്ക് ചിത്രം കാണുമ്പോള്‍ അനുഭവപ്പെടും. പക്ഷേ, ഹിന്ദി വില്ലനായ പ്രശാന്ത് നാരായണന്‍റെ അഭിനയം ചിത്രത്തിന്‍റെ എടുത്തുപറയത്തക്ക സവിശേഷതയാണ്. പ്രശാന്തിന്‍റെ സ്റ്റൈല്‍, അവതരണരീതി എല്ലാം വാസ്തവത്തില്‍ ഒരു ഹിന്ദിസിനിമയെ വെല്ലുന്ന രീതിയിലായിരുന്നു.  റിമ കല്ലിങ്ങല്‍ സാമാന്യം സിനിമകളില്‍ കയറി ഇറങ്ങുന്നതുകൊണ്ട്, കുറച്ചൂടെ ഒതുക്കത്തില്‍ അഭിനയിക്കാന്‍ പഠിച്ചു എന്നത് ഒരു വാസ്തവം മാത്രമാണ്. 

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഒ

| Posted in | Posted on

0




മലയാള സിനിമയില്‍ പേരിനൊരു സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിമാറി മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന ഈ ചിത്രം. നവാഗതനായ കുമാര്‍ നന്ദ അണിയിച്ചൊരുക്കിയ ഈ കുടുംബചിത്രം എന്തായാലും പ്രേക്ഷകനെ ഒരു രീതിയിലും രസിപ്പിക്കുവാനുള്ള സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. ചിത്രം പുറത്തിറങ്ങി ആദ്യ ഷോ കഴിഞ്ഞതോടെ ആളുകള്‍ പാടെ കൈയ്യൊഴിഞ്ഞ ചിത്രമാണ് മുല്ലശ്ശേരി മാധവന്‍കുട്ടി പി.ഒ.  പിഴച്ചത് സംവിധായകനോ, പ്രൊഡ്യൂസര്‍ക്കോ ഇനി കാണാനെത്തിയ പ്രേക്ഷകനോ..?





മലയാള സിനിമയില്‍ മാധവന്മാര്‍ ഒരുപാട് കാശ് വാരിക്കൂട്ടിയവരാണ്. ഏകലവ്യനിലെ മാധവന്‍, മീശമാധവനിലെ മാധവന്‍, അങ്ങിനെ ഒരുപാട് മാധവന്‍ കഥാപാത്രങ്ങള്‍ മലയാളസിനിമ ഹിറ്റുകളായി മാറിയിരിക്കുന്നു. പക്ഷേ, ഈ മാധവന് ഒന്നും സാധ്യമായില്ല. ബ്യൂട്ടിഫുള്‍, കോക്‌ടെയില്‍, ട്രാഫിക് എന്നിവയിലൊക്കെ പ്രത്യേകതയുള്ള (ഒരേ സ്റ്റഫിലുള്ള) കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അനൂപ് മേനോന്‍റെ കഴിവ് ഇത്രയേ ഉള്ളൂ എന്ന് തെളിയിച്ച സിനിമയാണ് മുല്ലശ്ശേരി. അതോടൊപ്പം മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ റേയ്ഞ്ചു മനസ്സിലാക്കാനും പഠിക്കാനും അനൂപ് ഇനിയും കുറെ ക്ലാസുകളില്‍ കൂടി ചെന്നിരുന്നാലേ മതിയാവൂ എന്ന് കൂടി മനസ്സിലാക്കാവുന്ന ചിത്രമാണ് മുല്ലശ്ശേരിമാധവന്‍ കുട്ടി.




ചിത്രത്തിന്റെ പശ്ചാത്തലവും സംഗീതവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. ബ്യൂട്ടിഫുളിലും, മറ്റു സിനിമകളിലും അദ്ദേഹം കാണിച്ച പാടവം ഇവിടെ വിലപ്പോയില്ലെന്നുവേണം പറയാന്‍. പ്രത്യേകിച്ച് വളരെ മോശം പശ്ചാത്തല സംഗീതമായിരുന്നു എന്നുപറയാം.


കെ.എസ്. ചന്ദ്രനും സാം വര്‍ഗീസും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം പ്രേക്ഷകര്‍ വെറുതെ കണ്ടിരിക്കുന്നു. ഇറങ്ങിപ്പോവുമ്പോള്‍ മുറുമുറുത്താണ് പോവുന്നത് എന്നു മാത്രം. സിനിമയ്ക്കുള്ളിലെ സിനിമയായിട്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നമ്മുടെ നല്ലനടപ്പുകാരന്‍ മുല്ലശ്ശേരിക്കാരന്‍ ഒരു സുപ്രഭാതത്തില്‍ സിനിമ നിര്‍മ്മാതാവാകുന്നു. പക്ഷേ, ഒരു തരത്തിലും തനിക്ക് ചേരാത്ത കഥാപാത്രമായി മാധവന്‍ കുട്ടി അനൂപ് മേനോനില്‍ സ്റ്റിക്ക് ചെയ്തു പോയി. ചിത്രത്തിന്‍റെ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷത അതിലെ നായികയായിരുന്നു. നൂറു ശതമാനം വെയ്സ്റ്റായ കഥാപാത്രവും ആര്‍ട്ടിസ്റ്റും.

ഞാനും എന്‍റെ ഫാമിലിയും

| Posted in | Posted on

0




സെവന്‍ ആര്‍ട്‌സിന്‍റെ ബാനറില്‍ ജി.പി. വിജയകുമാറിന് വേണ്ടി കെ.കെ. രാജീവ് എന്ന പ്രഗത്ഭ സീരിയല്‍ സംവിധായകന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഞാനും എന്‍റെ ഫാമിലിയും.




ഒരു സീരിയല്‍ സംവിധായകനായതുകൊണ്ടു മാത്രമാണ് കെ.കെ. രാജീവിന് ഇത്രയും കാലം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കേണ്ടി വന്നത് എന്നത് ഒരു നഗ്നസത്യം മാത്രം. ഒരു മമ്മൂട്ടി ചിത്രമായിരുന്നു അദ്ദേഹം സ്വപ്‌നം കണ്ടത്. പക്ഷേ, എന്തുകൊണ്ടോ, അതൊന്നും ശരിയായില്ല. ഒടുക്കം കെ.കെ.രാജീവിന്‍റെ വണ്ടിയില്‍ കയറിയത് ജയറാമാണ്.  പക്ഷേ, ആ വണ്ടി ഇടിച്ച് ക്രാഷ് ചെയ്താണ് നിന്നത് എന്നു മാത്രം.




സീരിയലുകളില്‍ പ്രധാനമായും രണ്ട് സെക്ഷനുകളാണ് ഉള്ളത്. ഒന്ന് അമ്മായിയമ്മപ്പോര്. അല്ലെങ്കില്‍ അവിഹിതഗര്‍ഭം. ഇതുരണ്ടുമല്ലാത്ത ഒന്നും നമ്മുടെ സീരിയലുകാര്‍ക്ക് പറയാനില്ല. അതുതന്നെയായിപ്പോയി ഞാനും എന്‍റെ ഫാമിലിയും. നിത്യവും ഈ വിധം സാധനങ്ങള്‍ കണ്ടുമടുത്ത കുടുംബിനികള്‍ക്ക് തിയറ്ററില്‍ വന്ന് വീണ്ടും അത്തരം കാര്യം കാണേണ്ടിവന്നപ്പോള്‍ അത് വെറും  ആവര്‍ത്തന വിരസമായി.




ചിത്രത്തിന്‍റെ ടെക്‌നിക്കല്‍ വശങ്ങളിലും, ഷോട്ടുകള്‍, ക്യാമറ ആംഗിളുകള്‍ എന്നിവയിലൊക്കെ സാധാരണ കമേര്‍ഷ്യല്‍ സിനിമയോളം കിടപിടിച്ചു നിന്നുവെങ്കിലും വളരെ ദുര്‍ബലമായ സംവിധാനവും കഥയും ചിത്രത്തിനെ ജനങ്ങളില്‍ നിന്നും അകറ്റി എന്നു പറയുകയാവും ഭേദം.




ചിത്രത്തില്‍ മനോജ്.കെ.ജയന്‍, മൈഥിലി എന്നിവര്‍ മറ്റൊരു ഭാര്യഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നു. കൂട്ടത്തില്‍ മല്ലിക സുകുമാരനും. മംമ്ത മോഹന്‍ദാസ്-ജയറാം ഭാര്യഭര്‍തൃബന്ധം നന്നായി അവതരിപ്പിച്ചു. പക്ഷേ, ചിത്രം അറുബോറായാണ് പ്രേക്ഷകന് അനുഭവപ്പെട്ടത്. കുടുംബ ചിത്രങ്ങളെ എക്കാലത്തും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എത്രതന്നെ കണ്ടുമടുത്തതാണെങ്കിലും നല്ല കുടുംബ ചിത്രങ്ങള്‍ക്ക് ഇന്നും നല്ല പ്രേക്ഷകര്‍ ഉണ്ട്. പക്ഷേ, അത് നല്ല ചിത്രമാവണം. എങ്കിലും ജി.പി.വിജയകുമാറിന് ഈ ചിത്രം ഒരു ക്ഷീണമാവാനേ സാധ്യതയുള്ളൂ.

സെക്കന്റ് ഷോ

| Posted in | Posted on

1




മലയാളത്തിലെ താരരാജാവിന്‍റെ പുത്രന്‍റെ ആദ്യസിനിമ. സബാഷ് ദുല്‍ഖര്‍. സമീപഭാവിയില്‍ പൃഥ്വിരാജിനും, ജയസൂര്യയ്ക്കും, ദിലീപിനും, ജയറാമിനും, ആസിഫിനുമൊപ്പം മാറ്റുരയ്ക്കാന്‍ ഹൈറ്റും വെയ്റ്റുമുള്ള മറ്റൊരു നായകന്‍ കൂടി. ഭാവിയുടെ പ്രതീക്ഷകള്‍ ആവോളം കോരിച്ചൊരിഞ്ഞിരിക്കുകയാണ് മലയാള സിനിമ ദുല്‍ഖറിനുമേല്‍. എങ്കിലും ആദ്യ സിനിമയില്‍ അത്ര അതുല്യമായ പ്രകടനമൊന്നും ദുല്‍ഖര്‍ കാഴ്ചവച്ചില്ലെന്നത് ഒരു വാസ്തവമാണ്. കൂടുതല്‍ ഭാവങ്ങളൊന്നും പലഭാഗത്തും വേണ്ടത്ര തെളിഞ്ഞില്ല എന്നു കൂടി പറയാം.




പുതുമുഖ ഗ്രൂപ്പിന്‍റെ വിജയമായി സെക്കന്റ് ഷോ എന്ന ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം. പക്ഷേ, ചിത്രത്തിന് എടുത്തുപറയത്തക്ക പ്രത്യേകതയുള്ള കഥയോ, ഇതിവൃത്തമോ, അവതരണരീതിയോ ഇല്ലാതെ പോയി എന്നത് ഒരു നഗ്നസത്യം മാത്രം. ഇത്രയും ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ നവാഗത സംവിധായകനായ ശ്രീനാഥിന് കുറച്ചൂടെ വ്യത്യസ്തമായ ഏതെങ്കിലും കഥ നോക്കാമായിരുന്നു. തിരക്കഥയില്‍ സാധാരണ മലയാള സിനിമ അവലംബിക്കാത്ത ഡയലോഗ് ശൈലി പ്രയോഗിച്ചു എന്ന ഒരു സവിശേഷതയല്ലാതെ മമ്മൂട്ടി ഫാന്‍സുകാര്‍ പറയുന്നതുപോലെ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റൊന്നുമല്ല ചിത്രം.





കണ്ടിരിക്കാം. എന്നുമാത്രമാണ് ചിത്രത്തിനെപ്പറ്റി തിരുവനന്തപുരത്തെ സംസാരം. എന്നാല്‍ കൊച്ചിയില്‍ കുറച്ചൂടെ ശക്തമായി സിനിമയെ എതിരേറ്റു. പൊതുവെ മലബാറില്‍ മമ്മൂട്ടി ഫാന്‍സുകാര്‍ രണ്ടുദിവസം ഓളമുണ്ടാക്കിയത് ഒഴിച്ചു നിര്‍ത്തിയാല്‍ പ്രേക്ഷകര്‍ '' ങാ...കുഴപ്പമില്ല'' എന്നഭിപ്രായക്കാരാണ്. ഇതില്‍ മമ്മൂട്ടിയുടെ മകന്‍ അഭിനയിച്ചു എന്ന സവിശേഷത ഒഴിച്ചു നിര്‍ത്തിയാല്‍, ചിലപ്പോള്‍ ഈ ചിത്രം പുറത്തു വന്നേക്കുമോ എന്നു തന്നെ സംശയമാണ്. ചിലപ്പോള്‍ ഇത്രപോലും ആളുകള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നു വരാം.




പപ്പുവാണ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നല്ലൊരു ഭാവി പ്രതീക്ഷിക്കാവുന്ന ക്യാമറമാനാണ്. ഈ ചിത്രത്തില്‍ അനേകം പോരായ്മകള്‍ ഉണ്ടെന്നിരിക്കേ, ശ്രീനാഥ് ഉള്‍പ്പെടെ നല്ലൊരു ഗ്രൂപ്പ് മലയാള സിനിമയില്‍ ഉണ്ടാവുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ഒപ്പം സമീപഭാവിയില്‍ ഈ യുവാക്കളുടെ കയ്യില്‍ നിന്നും മിന്നുന്ന മലയാള സിനിമകള്‍ നമുക്ക് പ്രതീക്ഷിക്കാം.




മലയാള സിനിമയിലേക്ക് സണ്ണി വൈന്‍ എന്ന കരുത്തുറ്റ ഒരു നടനെ ലഭിച്ചു എന്നതാണ് സെക്കന്റ് ഷോയുടെ ഏക നേട്ടം. ഇത് മലയാളം ബോക്‌സ് ഓഫീസിന്‍റെ പ്രവചനം. ചിത്രത്തില്‍ നെന്‍സണ്‍ മണ്ടേല എന്ന പേരുള്ള 'കുരുടി' എന്ന കഥാപാത്രം പരിപൂര്‍ണ്ണമായും മികച്ചു നിന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജന്മനായുള്ള അഭിനയപാടവം ഒരുപക്ഷേ, ദുല്‍ഖറിനേക്കാള്‍ എടുത്തു കാണിക്കുന്നതായിരുന്നു കുരുടിയുടെ പ്രകടനം. ചിത്രത്തിലുടനീളം ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചു നിര്‍ത്തിയതിലും ഈ കഥാപാത്രത്തിന് പ്രത്യേകം പങ്കുണ്ട്.




എ.ഒ.പി.എല്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനി വിശ്വലാലിന്‍റെതാണ് കഥയും തിരക്കഥയും. പപ്പുവിന്‍റെ ക്യാമറയ്ക്ക് പ്രവീണ്‍ കെ.എല്‍, ശ്രീകാന്ത് എന്‍.ബിയും എഡിറ്റിങ് നിര്‍വ്വഹിച്ചു. ഒരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ വിജയമായി ഈ സിനിമയെ നമുക്ക് കണക്കാക്കാം. കൂട്ടത്തില്‍ നാളെയുടെ കുറച്ചു ശുഭപ്രതീക്ഷകളും.