ഓണത്തിന് മിഴിവേകി സെവന്‍സ്

| Posted in | Posted on

0




മലയാള സിനിമാരംഗത്തെ അതികായന്മാരായ സംവിധായകരില്‍ ഒരാളാണ് ജോഷി. മലയാള സിനിമ കണ്ട മികച്ച സിനിമകള്‍ എടുത്ത ജോഷി, കാലഘട്ടത്തെ ഉള്‍ക്കൊണ്ട് സമീപകാലത്ത് തന്‍റെ പതിവുശൈലികളില്‍നിന്നും വേറിട്ട് ചിന്തിച്ച്, ഇന്നത്തെ കാലത്തിന്‍റെ സ്പന്ദനമുള്‍ക്കൊണ്ട് ട്വന്റ്റി ട്വന്റ്റിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് റോബിന്‍ഹുഡ് തുടങ്ങി നിരവധി സിനിമകള്‍. ഇപ്പോള്‍ ഏഴ് യുവാക്കളുടെ ബന്ധത്തിന്റെ കഥപറഞ്ഞ് മലയാളി പ്രേക്ഷകരെ കീഴടക്കാന്‍ ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ടീമും വീണ്ടും എത്തിയിരിക്കുന്നു.




ഓണച്ചിത്രങ്ങളില്‍ സാമാന്യം കുഴപ്പമില്ലാത്ത ഒരു ചിത്രം എന്ന പേര് 'സെവന്‍സ്' നേടിയെടുത്തുകഴിഞ്ഞു. ആദ്യദിനംതന്നെ മിക്ക തീയറ്ററുകളും ഹൗസ്ഫുള്‍ ആയിരുന്നു. കുഞ്ചാക്കോ ബോബന്‍, ആസിഫലി, രജത്‌മേനോന്‍, നവീന്‍ പോളി, വിനീത്കുമാര്‍, നൂലുണ്ട, റിമ കല്ലിങ്ങല്‍, നാദിയ, ഭാമ, അന്‍ജു വര്‍ഗീസ് എന്നിങ്ങനെ യുവാക്കളുടെ മാലപ്പടക്കമാണ് 'സെവന്‍സി'ല്‍. ഒരു ഇരുത്തം വന്ന സംവിധായകന്‍റെ കയ്യൊതുക്കം നമുക്ക് സെവന്‍സില്‍ കാണാവുന്നതാണ്. 


നല്ലവരായ ഒരു സംഘം ചെറുപ്പക്കാര്‍, പ്രത്യേകിച്ച് ഫുട്‌ബോള്‍ മാത്രം ജീവിതം എന്ന രീതിയില്‍ ജീവിച്ച്, കളിച്ചു പോരുന്ന ചെറുപ്പക്കാര്‍, ഒരു നല്ല കാര്യത്തിന് വേണ്ടി തെറ്റായ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരുന്നു. 


തുടര്‍ന്ന് അവരെ തേടിയെത്തുന്നത് വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളായിരുന്നു. ചിത്രത്തില്‍ പ്രത്യേകിച്ച് ഒരു നായകന്‍ എന്നുപറയാന്‍ ഒരാളില്ല. എല്ലാവര്‍ക്കും ഏതാണ്ട് തുല്യപ്രധാന്യമാണ്. 


അതുപോലെ നായികയ്ക്കും. റിമയാണോ നായിക, ഭാമയാണോ എന്ന് ആര്‍ക്കും നിശ്ചയിക്കുവാനാകില്ല. എന്നാല്‍ ചിത്രത്തില്‍ പഴയകാലനടിയായ നാദിയ മൊയ്തു ഒരു കമ്മീഷണറായി അഭിനയിക്കുന്നു. ചിത്രത്തില്‍ ആ കഥാപാത്രത്തിന് എടുത്തുപറയത്തക്ക കോണ്‍ട്രിബ്യൂഷന്‍ ഉണ്ട്. ആ നിലയ്ക്ക് നാദിയയാണ് നായിക എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അജയന്‍ വിന്‍സന്റ് ആണ്. നല്ല ഫോട്ടോഗ്രാഫി 'കോഴിക്കോട്' നഗരത്തെ കൂടുതല്‍ ഭംഗിയുള്ളതായി കാണുവാന്‍ സാധ്യമായി. പൂര്‍ണമായും കോഴിക്കോടും പരിസരത്തുമായി പൂര്‍ത്തീകരിച്ച ചിത്രമാണ് 'സെവന്‍സ്'.


ബിജിബാലിന്‍റെ സംഗീതവും രഞ്ചന്‍ എബ്രഹാമിന്‍റെ എഡിറ്റിങ്ങും ചേര്‍ന്നപ്പോള്‍ സെവന്‍സ് സാമാന്യം നല്ലൊരു ചിത്രമായി തീയറ്ററുകളില്‍ നിറഞ്ഞോടുന്നു. ചിത്രം ഒരു സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റാവുമെന്നൊന്നും പ്രതീക്ഷയില്ലെങ്കിലും സാമാന്യം നല്ല അഭിപ്രായത്തോടെ പ്രൊഡ്യൂസറെ കരകയറാന്‍ സഹായിക്കുമെന്നതില്‍ മറ്റൊരു വാദമില്ല.

Comments (0)

Post a Comment